3/7/08

മക്കളേ ഓനെ ഇറക്കണ്ട

മക്കളേ ഓനെ ഇറക്കണ്ട
എം. അഷ്‌റഫ്‌
മലയാളം ന്യൂസ്‌- 2008 മാര്‍ച്ച്‌ ഏഴ്‌

സാമൂഹിക സേവനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകള്‍ക്ക്‌ പൂക്കാലമാണിപ്പോള്‍. സേവന സംരംഭങ്ങള്‍ക്കുള്ള അവസരങ്ങള്‍ കൂടിക്കൂടി വരുന്നു. നാട്ടിലെ പാര്‍ട്ടികള്‍ക്ക്‌ ജനപിന്തുണ ഉറപ്പാക്കാനുള്ള പരിമിത ലക്ഷ്യം മുതല്‍ ജനസേവനത്തിലൂടെ ദൈവപ്രീതി കരസ്ഥമാക്കാമെന്ന ഉന്നത ലക്ഷ്യംവരെയുള്ള സംഘടനകള്‍ മത്സരിച്ച്‌ പ്രവര്‍ത്തിക്കുമ്പോള്‍ അത്‌ പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക്‌ ആശ്വാസമാകുമെന്നതിലും തര്‍ക്കമില്ല. സ്വപ്‌നങ്ങളൊക്കെ കരിഞ്ഞുണങ്ങി നാട്ടിലേക്ക്‌ മടങ്ങി, ദുരിതം പേറുന്ന മുന്‍ പ്രവാസികള്‍ക്ക്‌ മാത്രമല്ല, അവിടെ രോഗങ്ങള്‍ കൊണ്ട്‌ കഷ്‌ടപ്പെടുന്നവര്‍ക്കും വീട്‌ വെക്കാന്‍ വകയില്ലാത്തവര്‍ക്കും വിവാഹത്തിനുമൊക്കെ പ്രവാസി സംഘടനകള്‍ ചെയ്യുന്ന സേവനം എത്ര പുകഴ്‌ത്തിയാലും മതിയാകുന്നതുമല്ല. ഗള്‍ഫ്‌ സംഘടനകള്‍ അയക്കുന്ന പണം ഇവിടെ വിയര്‍പ്പൊഴുക്കുന്ന മലയാളി അവന്റെ വേതനത്തില്‍നിന്ന്‌ നല്‍കുന്ന വിഹിതം സ്വരൂപിച്ചുണ്ടാക്കുന്നതാണെന്ന ബോധം നാട്ടിലുള്ളവര്‍ക്കുണ്ടാകില്ലെന്നതു നേരു തന്നെ.
പ്രവാസികള്‍ നാട്ടിലേക്ക്‌ അയക്കുന്ന പണത്തിന്റെ കണക്ക്‌ മതവിദ്വേഷം വളര്‍ത്താന്‍ ഉപയോഗപ്പെടുത്തുന്ന കാവിപ്പട മാത്രമല്ല, സര്‍ക്കാരുകള്‍ പോലും ഇവിടെനിന്ന്‌ അയക്കുന്ന പണത്തില്‍ അടങ്ങിയിരിക്കുന്ന വിയര്‍പ്പിന്റെ ഗന്ധം കണ്ടില്ലെന്ന്‌ നടിക്കാറാണ്‌ പതിവ്‌. സന്ദര്‍ശനം നടത്തുന്ന മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും നിങ്ങളയക്കുന്ന കോടികളാണ്‌ കേരളത്തെ താങ്ങിനിറുത്തുന്നതെന്ന്‌ പറഞ്ഞ്‌ സുഖിപ്പിക്കാനും ഈ കണക്ക്‌ പ്രയോജനപ്പെടുന്നു.
സന്നദ്ധ സേവനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകള്‍ മത്സരിച്ച്‌ മുന്നേറുന്നതിനനുസരിച്ച്‌ അത്തരം സഹായ ഹസ്‌തങ്ങള്‍ ആവശ്യമുള്ളവരുടെ എണ്ണവും വര്‍ധിച്ചുവരികയാണെന്ന്‌ തോന്നിപ്പോകും.
രാജ്യത്തെ നിയമങ്ങളെ കുറിച്ചുള്ള ഭീതി മൂലം അടങ്ങിയൊതുങ്ങി കഴിഞ്ഞിരുന്ന പ്രവാസികള്‍ ഇപ്പോള്‍ അത്തരം ആശങ്കകളൊക്കെ മാറ്റിവെച്ചുകൊണ്ടാണ്‌ രംഗത്തിറങ്ങുന്നത്‌.
ഫ്‌ളാറ്റില്‍ നടന്ന സ്വാഭാവിക മരണത്തിന്റെ പേരില്‍, വാതുറന്ന്‌ പറയാന്‍ കഴിയാത്തതുമൂലം ആഴ്‌ചകളോളം ഒരു കൂട്ടം ആളുകള്‍ ജയിലില്‍ കിടന്ന സംഭവം ജിദ്ദയിലെ പഴയകാല പ്രവാസികള്‍ ഓര്‍ക്കുന്നു. സാധാരണ മരണമെന്ന്‌ പോലീസിനോട്‌ പറയാന്‍ കഴിയാത്തതിനാലാണത്രെ ജിദ്ദയില്‍ ആ കെട്ടിടത്തില്‍ താമസിച്ചിരുന്ന മലയാളികള്‍ക്ക്‌ മുഴുവന്‍ ജയിലില്‍ പോകേണ്ടിവന്നത്‌.
ഇന്നിപ്പോള്‍ ആ സംഭവങ്ങളൊക്കെ പഴങ്കഥകളായി. ഏതെങ്കിലും കാരണത്താല്‍ ജയിലിലടക്കപ്പെട്ട മലയാളി ഉണ്ടോ ഇറക്കാന്‍ എന്ന അന്വേഷണവുമായി സംഘടനാ നേതാക്കള്‍ പരക്കം പായുന്ന കാലമായി ഇന്ന്‌.
ജയിലിലടക്കാനുണ്ടായ കാരണമെന്തായാലും അയാളുടെ മോചനത്തിന്‌ ആദ്യം ഇടപെട്ടത്‌ തങ്ങളാണെന്ന നിര്‍ബന്ധവും വാശിയും സംഘടനകളെ നയിച്ചുതുടങ്ങിയതോടെ ഒട്ടേറെ പേര്‍ക്ക്‌ അതു തുണയായി. ഈ മത്സരങ്ങളില്‍ രക്ഷപ്പെട്ടവരില്‍ നിരപരാധികളും അപരാധികളുമുണ്ടാകും.
കുറ്റം എന്തെങ്കിലുമാകട്ടെ, മലയാളിയാണെങ്കില്‍ അവന്റെ കാര്യത്തില്‍ ഇടപടാതെ തരമില്ല എന്നതായിരിക്കുന്നു സംഘടനകളുടെ പരിപാടി. ഇത്‌ പലപ്പോഴും അവരെ പ്രയാസത്തിലകപ്പെടുത്തുന്നു എന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാറുണ്ട്‌. അങ്ങനെ വരുമ്പോള്‍ കുറ്റവാളിയായി ജയിലിലടക്കപ്പെട്ട മലയാളിയുടെ മറുകഥ രചിക്കാന്‍ സംഘടനകളുടെ നേതാക്കളും സാമൂഹിക, സന്നദ്ധ പ്രവര്‍ത്തകരും നിര്‍ബന്ധിതരാകുന്നു. ഗോതമ്പു മോഷണത്തിന്‌ അറസ്റ്റിലായ മലയാളി, സുഹൃത്തിന്റെ പ്രേരണ കാരണമാണ്‌ കുറ്റം ചെയ്‌തതെന്നും മോഷണത്തിനു പോയപ്പോള്‍ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ബഹളം വെക്കാതിരിക്കാന്‍ വായയില്‍ തുണി തിരുകിയപ്പോള്‍ വൃദ്ധ ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്നുമൊക്കെ പറയാന്‍ നാം നിര്‍ബന്ധിതരാകുന്നു.
അങ്ങനെ നിയമത്തിന്റെ ഏതെങ്കിലും പഴുതിലൂടെ രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ പലതും വിജയം കാണുന്നു. ആദ്യമൊക്കെ വാഹനാപകടക്കേസുകളില്‍ നഷ്‌ടപരിഹാര തുക നല്‍കാന്‍ കഴിയാത്തവര്‍ക്ക്‌ ആ തുക കണ്ടെത്താന്‍ ഫണ്ട്‌ പിരിച്ചും മറ്റുമായിരുന്നു സഹായമെങ്കില്‍ ഇപ്പോള്‍ കുറ്റം എന്തു തന്നെയായാലും പ്രതിയുടെ നാട്ടിലെ കുടുംബത്തിന്റെ ദൈന്യതക്കുമുമ്പില്‍ എങ്ങനെയെങ്കിലും അയാളെ രക്ഷിച്ചെടുക്കുകയെന്നത്‌ സംഘടനകളുടെ ബാധ്യതയായി മാറുന്നു.
ജിദ്ദയിലേയും മക്കയിലേയും സന്നദ്ധ പ്രവര്‍ത്തനങ്ങളിലും നിയമ സഹായമെത്തിക്കുന്നതിലും നിറസാന്നിധ്യമായ ഒരു സാമൂഹിക പ്രവര്‍ത്തകന്‍ കഴിഞ്ഞ ദിവസം പറഞ്ഞ കഥ കേള്‍ക്കുക. ജയിലിലടക്കപ്പെട്ട ഒരു യുവാവിന്റെ മോചനത്തിന്‌ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചിട്ട്‌ നാളേറെയായി. ഒടുവില്‍ 10,000 റിയാല്‍ അടച്ചാല്‍ യുവാവിനെ മോചിപ്പിക്കാം എന്ന നിലയിലെത്തി. ആവശ്യമായ തുകയില്‍ എത്രമാത്രം യുവാവിന്റെ കുടുംബത്തില്‍നിന്ന്‌ കണ്ടെത്താനാകും എന്നറിയാനാണ്‌ അദ്ദേഹം സ്വന്തം സംഘടന വഴി നാട്ടില്‍ യുവാവിന്റെ പിതാവുമായി ബന്ധപ്പെട്ടത്‌. പതിനായിരത്തില്‍ കിട്ടുന്നത്‌ അവിടെനിന്ന്‌ വാങ്ങി ബാക്കി ഇവിടെനിന്നും സംഘടിപ്പിച്ച്‌ യുവാവിനെ പുറത്തിറക്കാനായിരുന്നു പരിപാടി. അങ്ങനെ യുവാവിന്റെ പിതാവിനെ കണ്ട്‌ കാര്യങ്ങള്‍ ബോധിപ്പിച്ചപ്പോള്‍ ലഭിച്ച മറുപടിയാണ്‌ ഈ കുറിപ്പിന്റെ തലക്കെട്ട്‌. മക്കളേ, നിങ്ങള്‍ ഓനെ ഇപ്പം ഇറക്കണ്ട. ഓന്‍ കുറച്ച്‌ അവിടെക്കിടന്ന്‌ പഠിക്കട്ടെയെന്ന്‌.
സ്വന്തം കുടുംബം പോലും ഉപേക്ഷിച്ച ക്രിമിനലിനെയാണോ നമ്മള്‍ ഇവിടെ ഏതെങ്കിലും വിധേന രക്ഷിക്കാന്‍ പാടുപെടുന്നതെന്ന സംശയമാണ്‌ ഇവിടെ ഉയരുന്നത്‌.
സ്വന്തം ഫ്‌ളാറ്റില്‍ മദ്യം വാറ്റിയതിനു പിടിയിലായ മലയാളിയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ സത്യാവസ്ഥ ബോധ്യപ്പെട്ടപ്പോള്‍ വിരല്‍ കടിച്ച മറ്റൊരു സന്നദ്ധ പ്രവര്‍ത്തകന്റെ അനുഭവവും ഈയിടെ അറിഞ്ഞു. തന്നെ വേറെ ചിലര്‍ ചേര്‍ന്ന്‌ കുടുക്കിയെന്ന കള്ളക്കഥയാണ്‌ ആ ക്രിമിനല്‍ സന്നദ്ധ പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തിയത്‌. പിന്നീടാണ്‌ വാറ്റ്‌ ജീവിതമാര്‍ഗമാക്കിയ ഇയാളെ കുറിച്ചുള്ള കുടൂതല്‍ വിവരങ്ങള്‍ ലഭ്യമായത്‌.
സംഘടനകളുടെ മത്സരത്തിനിടയില്‍ ഇത്തരം ചില അക്കിടികള്‍ പൊറുക്കാവുന്നതേയുള്ളൂവെന്ന്‌ വെക്കാം. എങ്കില്‍ പോലും മറുഭാഗത്ത്‌ ഇത്തരം ക്രിമിനലുകളില്‍നിന്നുള്ള ഉപദ്രവം ഏറ്റവരുടെ നീതി നിഷേധിക്കപ്പെടാമോ? നാടിനോടും നാട്ടുകാരോടുമുള്ള അമിത താല്‍പര്യവും സേവന മനോഭാവവും അതിരു കടക്കുമ്പോള്‍ അക്കിടികള്‍ക്കുമപ്പുറം അത്‌ നീതിനിഷേധത്തിലേക്കും ഒരു പക്ഷേ ദൈന്യതയുടെ മറവില്‍ ക്രിമിനലുകളെ മഹത്വപ്പെടുത്താന്‍ പോലും നാം നിര്‍ബന്ധിതരായി തീരും. ക്രിമിനലിനുവേണ്ടി നേരിട്ടു വാദിക്കാന്‍ കഴിയാതാകുമ്പോള്‍ അയാളെ കുറ്റത്തിനു പ്രേരിപ്പിച്ചതിനെ കുറിച്ചും പ്രേരകനെ കുറിച്ചുമൊക്കെയുള്ള പോലീസിനെ വെല്ലുന്ന അന്വേഷണമായി പിന്നീട്‌.
സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ടതു വഴി നിരവധി നിരപരാധികള്‍ക്ക്‌ രക്ഷപ്പെടാനായി എന്ന വസ്‌തുതയും ഇനിയും ഒട്ടേറെ നിരപരാധികള്‍ക്ക്‌ ഇത്തരം സഹായങ്ങള്‍ ആവശ്യമാണ്‌ എന്ന വസ്‌തുതയും വിസ്‌മരിച്ചുകൊണ്ടല്ല ഇക്കാര്യം സൂചിപ്പിക്കുന്നത്‌. വാര്‍ത്തകളില്‍ ഇടം പിടിക്കാനുള്ള വ്യഗ്രതയും സംഘടനകള്‍ തമ്മിലുള്ള മത്സരവും അനാവശ്യമായ ഇടപെടലുകളിലേക്ക്‌ നയിക്കുന്നില്ലേ എന്ന സംശയം അവശേഷിക്കുന്നു.
നാട്ടില്‍ ഏതു ക്രിമിനലിനേയും രക്ഷിക്കാന്‍ രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ ബാധ്യസ്ഥരാണ്‌. മലപ്പുറം ജില്ലയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ അതൊക്കെ നിയന്ത്രിക്കുന്നതിലും സമൂഹത്തെ ക്രിമിനല്‍വല്‍ക്കരണത്തില്‍നിന്ന്‌ തടയുന്നതിലും രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക്‌ പരിമിതിയുണ്ടെന്നാണ്‌ ഒരു നേതാവ്‌ തുറന്നടിച്ചത്‌. മദ്യപിച്ച്‌ പോലീസ്‌ പിടിയിലായ ആളെ ഇറക്കാന്‍ പോലീസ്‌ സ്റ്റേഷനിലേക്ക്‌ വിളിച്ചു പറയാനെങ്കിലും സാധിക്കുന്നില്ലെങ്കില്‍ പിന്നെ എന്തു നേതാവ്‌ എന്ന ചോദ്യമാണുയരുക. കള്ളുകുടിയനാണെങ്കിലും അയാളെ പോലീസ്‌ സ്റ്റേഷനില്‍നിന്ന്‌ ഇറക്കിയില്ലെങ്കില്‍ അയാളുടേയും കുടുംബത്തിന്റേയും പിന്തുണ പാര്‍ട്ടിക്ക്‌ നഷ്‌ടം തന്നെ. ഇതു പോലുള്ള നിസ്സഹായാവസ്ഥ എന്തായാലും പ്രവാസി സംഘടനകള്‍ക്കില്ല, അവയില്‍ മിക്കതും രാഷ്‌ട്രീയ പാര്‍ട്ടികളുടെ പോഷക സംഘടനകളാണെങ്കില്‍ പോലും.

4 comments:

  1. സന്നദ്ധസംഘടനകള്‍ തീര്‍ച്ചയായും സഹായം തുടരണം. മനപൂര്‍വ്വം തെറ്റു ചെയ്തവര്‍ക്കു അര്‍ഹമായ ശിക്ഷ വാങ്ങി കൊടുക്കാനും അവര്‍ തയാറാവണം. മനപൂര്‍വം തെറ്റു ചെയ്തവരെ രക്ഷിച്ച് കാണിച്ചു കൊടുത്തു കൂടുതല്‍ ആളുകള്‍ക്കു എന്തും ചെയ്യാനുള്ള മനോധൈര്യം മത്സരിച്ചുള്ള സംഘടനാപ്രവര്‍ത്തനങ്ങളില്‍ നിന്നും ഉണ്ടായാല്‍ ഭാവില്‍” പണ്ടു ബ്രൂണായില്‍ മലയാളികള്‍ “ (കേട്ടുകേള്‍വി ആണു)അനഭിമതരായ പോലെ ആയേക്കാം.

    അബദ്ധത്തില്‍ പെട്ടു ജയിലില്‍ പോയവരെയും, ചതിയില്‍ പെട്ടവരേയും, രോഗികളേയും, സ്പോണ്‍സര്‍മാരുടെ ക്രൂരതക്കു വിധേയരായവരേയും എല്ലാം മാനുഷിക പരിഗണനയില്‍ സഹായിക്കാനും, സഹായിക്കുന്നവരോടു സഹകരിക്കാനും എല്ലാപ്രവാസികളും സഹകരിക്കാന്‍ പ്രാത്ഥിക്കുന്നു,

    ReplyDelete
  2. വളരെ നന്നായി എഴുതിയിരിക്കുന്നു പലപ്പോഴും തോന്നിയിട്ടുള്ളതാണീക്കര്യങ്ങള്‍.. നിരപരാധികള്‍ക്ക്‌ വേണ്ടി ചെയ്യാവുന്നതില്‍ അപ്പുറം മലയാളി കൂട്ടായ്മകള്‍ ചെയ്യുമ്പോള്‍ അതിനിടക്ക്‌ ജന്മനാ ക്രിമിനലുകളും ആട്ടിന്‍ തോലെടുത്ത്‌ അണിഞ്ഞ്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. പല കേസുകളുകളുടെയും പിന്നാമ്പുറങ്ങള്‍ തേടിയാല്‍ ഇത്തരം സത്യങ്ങള്‍ പുറത്ത്‌ വരും.. എന്നാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുതെന്നു തന്നെയാണു ഏവരും ആശിക്കുന്നത്‌..

    ReplyDelete
  3. സമൂഹത്തെ ക്രിമിനല്‍വല്‍ക്കരണത്തില്‍നിന്ന്‌ തടയുന്നതിലും രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക്‌ പരിമിതിയുണ്ടെന്നാണ്‌ ഒരു നേതാവ്‌ തുറന്നടിച്ചത്‌. മദ്യപിച്ച്‌ പോലീസ്‌ പിടിയിലായ ആളെ ഇറക്കാന്‍ പോലീസ്‌ സ്റ്റേഷനിലേക്ക്‌ വിളിച്ചു പറയാനെങ്കിലും സാധിക്കുന്നില്ലെങ്കില്‍ പിന്നെ എന്തു നേതാവ്‌ എന്ന ചോദ്യമാണുയരുക. കള്ളുകുടിയനാണെങ്കിലും അയാളെ പോലീസ്‌ സ്റ്റേഷനില്‍നിന്ന്‌ ഇറക്കിയില്ലെങ്കില്‍ അയാളുടേയും കുടുംബത്തിന്റേയും പിന്തുണ പാര്‍ട്ടിക്ക്‌ നഷ്‌ടം തന്നെ. YES corruct its kerala/malyaalee

    ReplyDelete
  4. ദേശാഭിമാനി, മായാവി, ബഷീര്‍....
    എല്ലാവര്‍ക്കും നന്ദി. ജയിലിലടക്കപ്പെടുന്ന നിരപരാധികള്‍ക്കുവേണ്ടിയും പല കാരണങ്ങള്‍ കൊണ്ട്‌ ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്കും അല്ലാത്തവര്‍ക്കുമൊക്കെ നമ്മളാല്‍ കഴിയുന്ന സേവനം ചെയ്യണമെന്ന ആഗ്രഹത്തോടെ തന്നെ ഞാന്‍ ഒരു പ്രശ്‌നം സമര്‍പ്പിച്ചതായിരുന്നു. സഹജീവികളെ സഹായിക്കാനുള്ള മനസ്സ്‌ ഇത്തരം തട്ടിപ്പുകള്‍ക്കിടയിലും നമുക്ക്‌ നഷ്ട്‌പ്പെടരുതേ എന്നു തന്നെയാണ്‌ എന്റെ പ്രാര്‍ഥന. തല്ലി കാലൊടിച്ചെങ്കിലും സേവന പ്രവര്‍ത്തനം നടത്തണമെന്നും ഫോട്ടോകള്‍ പത്രത്തില്‍ വരണമെന്നും ആഗ്രഹിക്കുന്ന ധാരാളം പ്രവാസി സംഘടനക്കാരുണ്ടെന്ന്‌ ഇന്നലെ എന്നോട്‌ ഒരു സുഹൃത്ത്‌ ഫോണില്‍ പറഞ്ഞു.
    മാനസികാസ്വസ്ഥ്യം ബാധിച്ച യുവാവിന്‌ സഹായധനം നല്‍കുന്ന, പ്രസിദ്ധീകരിക്കപ്പെട്ട ഒരു ഫോട്ടോ എന്നില്‍ രണ്ടിറ്റു കണ്ണീരു വരുത്തി എന്നു കൂടി പറഞ്ഞുവെക്കട്ടെ.
    സ്‌നേഹത്തോടെ
    അഷ്‌റഫ്‌

    ReplyDelete

Related Posts Plugin for WordPress, Blogger...