11/8/08

രാഹുലിനും നീതി അപ്രാപ്യമാകുമ്പോള്‍

ബോംബാക്രമണത്തില്‍ പിതാവ്‌ കൊല്ലപ്പെട്ട തനിക്ക്‌ ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ദൗര്‍ബല്യങ്ങള്‍ക്ക്‌ ഒരിക്കല്‍ കൂടി അടിവരയിടുന്നതായി. ഉത്തരാഖണ്ഡിലെ എച്ച്‌.എന്‍. ബഹുഗുണ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളോട്‌ സംസാരിക്കവേയാണ്‌ രാജീവ്‌ ഗാന്ധിയുടെ ഘാതകര്‍ക്ക്‌ ഇനിയും ശിക്ഷ ലഭിക്കാത്തതിനെക്കുറിച്ച്‌ രാഹുല്‍ ഗാന്ധി മനസ്സ്‌ തുറന്നത്‌.
`പാര്‍ലമെന്റ്‌ ആക്രമണക്കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിനെ എന്തുകൊണ്ട്‌ തൂക്കിലേറ്റുന്നില്ല' എന്ന ഒരു വിദ്യാര്‍ഥിയുടെ ചോദ്യത്തിനാണ്‌ തന്റെ പിതാവും മുത്തശ്ശിയും പ്രധാനമന്ത്രിമാരായിരുന്നുവെന്ന കാര്യം അനുസ്‌മരിച്ച്‌ രാഹുല്‍ ഗാന്ധി നീതിനിഷേധത്തെക്കുറിച്ച്‌ പരാമര്‍ശിച്ചത്‌. 40 പേരുള്‍പ്പെട്ട കേസിന്റെ വിചാരണക്ക്‌ 17 വര്‍ഷമെടുത്തുവെന്നും ഇതുവരെയും ശിക്ഷ പൂര്‍ണമായും നടപ്പാക്കിയിട്ടില്ലെന്നും രാജ്യത്തെ ജുഡീഷ്യല്‍ സംവിധാനത്തിന്റെ മെല്ലെപ്പോക്കിലേക്ക്‌ വിരല്‍ ചൂണ്ടി അദ്ദേഹം പറഞ്ഞു.
1991 മേയില്‍ നടന്ന രാജീവ്‌ വധക്കേസില്‍ 14 വര്‍ഷം തടവുശിക്ഷ പൂര്‍ത്തിയാക്കിയ തന്നെ മോചിപ്പിക്കണമെന്ന പി.ആര്‍. രവിചന്ദ്രന്റെ ഹരജിയില്‍ സുപ്രീം കോടതി തമിഴ്‌നാട്‌ സര്‍ക്കാരിനു നോട്ടീസയച്ച ദിവസം തന്നയാണ്‌ പിതാവിനെക്കുറിച്ചുള്ള നൊമ്പരങ്ങള്‍ കൂടി ചേര്‍ത്തുകൊണ്ട്‌ രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ രാഹുല്‍ ഗാന്ധി പ്രതിക്കൂട്ടില്‍ കയറ്റിയിരിക്കുന്നത്‌. ജീവപര്യന്തം തടവ്‌ പൂര്‍ത്തിയാക്കിയ തന്നെ മോചിപ്പിക്കുന്നതിന്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍ നടപടികളെടുക്കുന്നില്ലെന്ന്‌ ആരോപിച്ചുകൊണ്ടാണ്‌ രവിചന്ദ്രന്‍ സുപ്രീം കോടതിയെ സമീപിച്ചത്‌.
അഫ്‌സലിനെ തൂക്കിലേറ്റാതിരിക്കുന്നത്‌ മാത്രമല്ല പ്രശ്‌നമെന്നും നമ്മുടെ നീതിന്യായ സമ്പ്രദായത്തിനു മൊത്തത്തില്‍ തന്നെ വേഗം കുറവാണെന്നും രാഹുല്‍ ഗാന്ധി വിദ്യാര്‍ഥികളോട്‌ പറഞ്ഞു. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റാത്തതിന്‌ കേന്ദ്ര സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന യു.പി.എ, ബി.ജെ.പിയില്‍നിന്നും സംഘ്‌പരിവാരത്തില്‍നിന്നും നേരിടുന്ന വിമര്‍ശനത്തിനുള്ള മറുപടിയെന്നതിലുപരി രാഹുലിന്റെ മറുപടി, നീണ്ടു പോകുന്ന വിചാരണയും അവസാനിക്കാത്ത കോടതി നടപടികളും കാരണം വിധിക്കു മുമ്പ്‌ തന്നെ `ശിക്ഷ' അനുഭവിച്ചുതീരുന്ന അനേകായിരങ്ങളുടെ ദുരിതക്കഥകളിലേക്ക്‌ കൂടിയാണ്‌ ശ്രദ്ധ ക്ഷണിക്കുന്നത്‌. പിതാവിന്റെ കൊലയാളികളെ തൂക്കിലേറ്റാത്തതില്‍ വേദനയുണ്ടെങ്കിലും വൈകിയാല്‍ പോലും നീതി ലഭിക്കുമെന്നു തന്നെ വിശ്വസിക്കുന്നതായി കോണ്‍ഗ്രസ്‌ എം.പിയായ രാഹുല്‍ പറഞ്ഞുവെച്ചു.
ഉന്നത പദവികളലങ്കരിച്ച തന്റെ കുടുംബത്തിന്റെ ഗതി ഇങ്ങനെയാണെങ്കില്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ എന്തിനു കൊള്ളാം എന്ന മൂര്‍ച്ചയേറിയ ചോദ്യത്തെ, എങ്കില്‍ പോലും ജുഡീഷ്യറിയില്‍ തനിക്ക്‌ പൂര്‍ണവിശ്വാസമുണ്ടെന്ന മറ്റൊരു വാചകത്തിലൂടെ രാഹുല്‍ ഗാന്ധി മയപ്പെടുത്തിയിട്ടുണ്ട്‌.
ദേശസുരക്ഷയുടേയും നീതി വ്യവസ്ഥയുടേയും പേരില്‍ പൗരസമൂഹം അനുഭവിക്കുന്ന പീഡനങ്ങളെ വിമര്‍ശിക്കുമ്പോള്‍ ഈയൊരു സവിശേഷ ശ്രദ്ധ രാജ്യത്ത്‌ അനിവാര്യമാണ്‌. സുരക്ഷയുടേയും ജുഡീഷ്യറിയുടേയും കവചമുണ്ടായാല്‍ നെറികേടുകള്‍ക്കു മുമ്പില്‍ നാവടക്കാന്‍ രാഷ്‌ട്രീയക്കാരും പത്രക്കാരും നിര്‍ബന്ധിതരാണ്‌. ഭീകര വേട്ടയുടെ പേരില്‍ അധികൃതര്‍ വിളമ്പുന്ന നീണ്ട വിവരണങ്ങള്‍ ചോദ്യങ്ങളേ ഉന്നയിക്കപ്പെടാത്ത കഥകളായി പരിണമിക്കുന്നതിനു മറ്റു കാരണങ്ങള്‍ അന്വേഷിക്കേണ്ടതില്ല. പട്ടാളക്കാര്‍ക്ക്‌ എന്തും കാണിക്കാം, അവരെ പോലീസ്‌ പിടിക്കില്ല എന്ന വിശ്വാസം പോലും ഇന്ത്യന്‍ ജനതക്കിടയിലുണ്ട്‌. കശ്‌മീരിലും സൈനിക നിയന്ത്രണത്തിലുള്ള മറ്റു പ്രദേശങ്ങളിലും പട്ടാളക്കാരുടെ അതിക്രമങ്ങള്‍ അപൂര്‍വമായേ ദേശീയ ശ്രദ്ധ ആകര്‍ഷിക്കാറുള്ളൂ.
പിതാവിന്റേയും മുത്തശ്ശിയുടേയും പദവികള്‍ പറഞ്ഞുകൊണ്ട്‌ രാഹുല്‍ ഗാന്ധി പറയുന്ന കേസില്‍ നീതി ലഭിക്കുന്നതിലെ കാലതാമസമാണ്‌ വിഷയമെങ്കില്‍ നീണ്ടു നീണ്ടു പോയ കേസില്‍ അകന്നകന്നു പോയ നീതിയുടെ സംഭവങ്ങളും നമ്മുടെ രാജ്യത്ത്‌ അന്യമല്ല. കേരളത്തിന്റെ മനുഷ്യാവകാശ പോരാട്ടമെന്ന്‌ പോലും വിശേഷിപ്പിക്കാവുന്ന രാജന്‍ കേസ്‌ ഇതിലൊന്നാണ്‌. രാഹുലിന്റെ മുത്തശ്ശി ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ 1976 മാര്‍ച്ച്‌ ഒന്നിന്‌ നക്‌സലൈറ്റ്‌ ബന്ധം ആരോപിച്ച്‌ പോലീസ്‌ പിടിച്ചുകൊണ്ടുപോയ കോഴിക്കോട്‌ ആര്‍.ഇ.സിയിലെ വിദ്യാര്‍ഥി രാജന്റെ തിരോധാനം തെളിയിക്കാന്‍ പാടുപെട്ട പിതാവ്‌ ടി.വി. ഈച്ചരവാര്യര്‍ ഒരച്ഛനും ഈ ഗതിയുണ്ടാവരുതെന്ന്‌ പറഞ്ഞു കൊണ്ടാണ്‌ ഈ ലോകത്തോട്‌ വിട പറഞ്ഞത്‌. ഈച്ചരവാര്യര്‍ ഫയല്‍ ചെയ്‌ത ഹേബിയസ്‌ കോര്‍പസ്‌ കേസില്‍ 1978 ല്‍ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനു തല്‍ക്കാലം ആ സ്ഥാനത്തുനിന്ന്‌ രാജിവെക്കേണ്ടിവന്നു എന്നതു മാത്രമായിരുന്നു ലഭ്യമായ ഏക നീതി. കേസുകളില്‍ തീര്‍പ്പ്‌ വൈകുന്ന ഗൗരവതരമായ സ്ഥിതിവിശേഷത്തിലേക്ക്‌ സുപ്രീം കോടതി തന്നെ പല തവണ ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്‌. ഇങ്ങനെ പോയാല്‍ നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തന്നെ ഇല്ലാതാകുമെന്ന്‌ പല തവണ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്‌.
കുറ്റവാളിയെ ശിക്ഷിക്കുന്നതു പോലെ തന്നെ നിരപരാധികളെ വിട്ടയക്കുക എന്നതു കൂടി ജുഡീഷ്യല്‍ സംവിധാനത്തില്‍ നിര്‍ബന്ധമാണെന്ന തത്വം പറഞ്ഞുകൊണ്ട്‌ കേസുകള്‍ അര നൂറ്റാണ്ടും മുക്കാല്‍ നൂറ്റാണ്ടും നീളുന്നത്‌ ന്യായീകരിക്കാനാവില്ല. വിചാരണയുടെ പേരില്‍ പത്തും ഇരുപതും വര്‍ഷം ജയിലില്‍ കഴിയുന്നത്‌ ഇന്നൊരു പുതുമയല്ലാതായിരിക്കുന്നു. പി.ഡി.പി നേതാവ്‌ അബ്‌ദുന്നാസര്‍ മഅ്‌ദനി അനുഭവിച്ച ജയില്‍വാസം നമ്മുടെ വിചാരണ സമ്പ്രദായത്തിന്റെ ദുരവസ്ഥ വിളിച്ചോതുന്നതായിരുന്നു. നീതിയും വേഗവും കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ ഒരുപോലെ പ്രധാനമാണ്‌. ആരോപണ വിധേയരാകുന്നവര്‍ക്കും ഇരകള്‍ക്കും സമൂഹത്തിനു തന്നെയും ആശ്വസിക്കാവുന്നത്‌ വേഗത്തില്‍ നീതി ലഭ്യമാക്കുമ്പോഴാണ്‌.
മരിക്കുന്നതിനു മുമ്പെങ്കിലും കേസില്‍ തീര്‍പ്പാകുമെന്ന്‌ വിശ്വസിക്കാന്‍ കേസുകളുമായി കോടതികള്‍ കയറിയിറങ്ങുന്നവര്‍ക്ക്‌ വിശ്വസിക്കാന്‍ വയ്യാതായിരിക്കുന്നു. ജഡ്‌ജിമാരില്ല, സൗകര്യങ്ങളില്ല തുടങ്ങിയ ന്യായീകരണങ്ങളാണ്‌ സുപ്രീം കോടതിയും കേന്ദ്ര സര്‍ക്കാരും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്‌. ക്രിമിനല്‍ കേസുകള്‍ വര്‍ഷങ്ങളും ദശാബ്‌ദങ്ങളും കടക്കുമ്പോള്‍ സിവില്‍ കേസുകള്‍ അതിലുമപ്പുറം എത്തുന്നു.
ഇന്ത്യയിലെ പത്ത്‌ ലക്ഷം ജനങ്ങള്‍ക്ക്‌ 15 ജഡ്‌ജിമാര്‍ മാത്രമേയുള്ളൂവെന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടാറ്‌. എന്നാല്‍ കനഡയില്‍ പത്ത്‌ ലക്ഷം പേര്‍ക്ക്‌ 75, അമേരിക്കയില്‍ 104 എന്നിങ്ങനെയാണ്‌ അനുപാതം. കീഴ്‌ക്കോടതികളിലും മേല്‍ക്കോടതികളിലും കെട്ടിക്കിടക്കുന്ന കോടിക്കണക്കിനു കേസുകളെക്കുറിച്ച്‌ കോടതികള്‍ വാചാലമാകാറുണ്ടെങ്കിലും അതിനു പരിഹാരം കാണാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ കാര്യമായ നടപടികളൊന്നും ഉണ്ടാകാറില്ല. ജനാധിപത്യത്തിന്റെ അടിസ്ഥാനമെന്ന്‌ വിശേഷിപ്പിക്കാറുള്ള നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത സംരക്ഷിക്കുന്നതില്‍, അധികാരം നിലനിറുത്താന്‍ കുതിരക്കച്ചവടവും കൂറുമാറ്റവും പ്രോത്സാഹിപ്പിക്കുന്ന രാഷ്‌ട്രീയ കക്ഷികള്‍ക്ക്‌ സമയമെവിടെ? കേരളത്തിലടക്കം കുറ്റകൃത്യങ്ങള്‍ക്ക്‌ ഇരയാകുന്നയര്‍ ചെയ്യുന്ന പ്രതികാരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ വര്‍ധിക്കുന്നത്‌ നീതി നടപ്പിലാക്കുന്നതിലെ കാലതാമസമാണെന്ന്‌ നിരീക്ഷിക്കപ്പെടാറുണ്ട്‌.
രാജീവ്‌ ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട്‌ വെല്ലൂര്‍ ജയിലില്‍ കഴിയുന്ന നളിനിയെ രാഹുലിന്റെ സഹോദരി പ്രിയങ്കാ ഗാന്ധി സന്ദര്‍ശിച്ചതും ശിക്ഷ ഇളവ്‌ ചെയ്‌ത്‌ നളിനിയെ മോചിപ്പിക്കണമെന്ന ആവശ്യത്തെ മാതാവ്‌ സോണിയാ ഗാന്ധി പിന്തുണച്ചതും ഈയിടെ മാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു. എതിരാളികളുടെ ചോദ്യത്തെ നേരിടാനായിരിക്കാം രാഹുല്‍ ഗാന്ധി സ്വന്തം നൊമ്പരത്തെ കൂട്ടുപിടിച്ചതെങ്കിലും നീതി വ്യവസ്ഥയെ കുറിച്ചുള്ള രാജ്യത്തിന്റെ നൊമ്പരമാണ്‌ അത്‌ ഉള്‍ക്കൊള്ളുന്നത്‌.

1 comment:

  1. രാജ്യത്തെയും ജനങ്ങളെയും കാക്കേണ്ടവര്‍ രാജ്യദ്രോഹികളായി പുറത്ത്‌ വരുന്ന ഇന്ന് ..നീതിന്യായ വ്യവസ്ഥിതിയിലുള്ള വിശ്വാസം പൂര്‍ണ്ണമായി ഉപേക്ഷിക്കാനായിട്ടില്ല. നീതി ലഭിക്കുന്നതിനുള്ള കാലതാമസം കൊണ്ട്‌ പല നിരപരാധികളും ശിക്ഷിക്കപ്പെടുകയും ആ കാലയളവില്‍ യഥാര്‍ത്ഥ അപരാധികള്‍ രക്ഷപ്പെടുകയും ചെയ്യുന്നത്‌ ദു:ഖകരം തന്നെ.

    ലേഖനം നന്നായിരിക്കുന്നു. പാരഗ്രാഫ്‌ തിരിച്ച്‌ എഴുതിയാല്‍ നല്ലത്‌

    ReplyDelete

Related Posts Plugin for WordPress, Blogger...