6/20/09

ഒരു യാത്രയുടെ പുകില്‍


എയര്‍പോര്‍ട്ടില്‍നിന്ന്‌ വീട്ടിലെത്താന്‍ കാറും പടയുംവേണ്ടെന്ന മല്‍ബുവിന്റെ തീരുമാനം ചില്ലറ പുകിലൊന്നുമല്ല ഉണ്ടാക്കിയത്‌. എല്ലാവരും അന്വേഷിച്ചത്‌ കാരണമായിരുന്നു. ഇത്രയും കാലം കൂട്ടുകുടുംബങ്ങള്‍ വിമാനത്താവളത്തിലെത്തി ആര്‍ഭാടത്തോടെ ആനയിക്കാറുള്ള മല്‍ബു ഇപ്പോള്‍ ഇങ്ങനെ തീരുമാനിക്കാന്‍ എന്തു കാരണം.
കല്യാണം കഴിഞ്ഞ ശേഷം ആദ്യമായുള്ള വരവാണെന്നതു ശരി. അതിനുമുമ്പും അഞ്ചാറു തവണ നാട്ടില്‍ വന്നു പോയിട്ടുണ്ടല്ലോ? അന്നൊന്നും പത്രാസിനു ഒരു കുറവുമുണ്ടായിരുന്നില്ല. രണ്ട്‌ ജീപ്പ്‌ ആളുകളും വലിയ പെട്ടികളുമുയുള്ള മല്‍ബുവിന്റെ വരവ്‌ നാടിനു തന്നെ ഉത്സവമായിരുന്നു.
എയര്‍പോര്‍ട്ടില്‍നിന്ന്‌ താന്‍ തനിച്ച്‌ വീട്ടിലെത്തിക്കൊള്ളാമെന്നും സ്വീകരിക്കാന്‍ കാറുമായി ആരും വരേണ്ടതില്ലെന്നുമാണ്‌ മല്‍ബു അറിയിച്ചത്‌.
ആഗോള സാമ്പത്തിക പ്രതിസന്ധി മുതല്‍ കൂടോത്രം വരെ നീണ്ടുനീണ്ടു പോയി അതിന്റെ കാരണത്തെ കുറിച്ചുള്ള അന്വേഷണങ്ങള്‍.
ജോലിക്കെന്തെങ്കിലും വിഷമമുണ്ടായിക്കാണുമെന്ന ഭയമാണ്‌ മുന്‍ പ്രവാസിയായ ഉപ്പ മല്‍ബുവിനെ പിടികൂടിയതെങ്കില്‍
കൂടോത്രം നടന്നുവെന്ന കാര്യത്തില്‍ ഉമ്മ മല്‍ബിക്ക്‌ ഒട്ടും സംശയമില്ല.
ഗള്‍ഫ്‌ നാടുകളില്‍നിന്ന്‌ തിരിച്ചൊഴുക്ക്‌ തുടങ്ങിയെന്നും അവരെ പുനരധിവസിപ്പിക്കുകയെന്നത്‌ വന്‍വെല്ലുവിളിയാകുമെന്നും മന്ത്രിമാര്‍ തട്ടിവിടുന്നത്‌ വലിയ വാര്‍ത്തകളായപ്പോള്‍ ഗ്രാമങ്ങളില്‍ ചങ്കിടിപ്പേറി.
ജോലിക്കെന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നു ചോദിച്ചപ്പോള്‍ ഒന്നും പേടിക്കാനില്ലെന്നായിരുന്നു മല്‍ബുവിന്റെ മറുപടി.
മന്ത്രിമാര്‍ക്ക്‌ പണിയൊന്നുമില്ലാത്തതിനാല്‍ പലതും തട്ടിവിടുമെന്ന കമന്റും.
ശരിയാണ്‌. പുതിയ സര്‍ക്കാരും മന്ത്രിമാരുമൊക്കെ റെഡിയായതോടെ പ്രവാസികളുടെ വോട്ടും പുനരധിവാസവും പത്രങ്ങളില്‍ നിറഞ്ഞു തുടങ്ങി.
വയലാര്‍ രവി വാ തുറന്നാല്‍ കുടുങ്ങി. ദിവസം മൂന്ന്‌ തവണ വീതം പ്രവാസി വോട്ടും പുനരധിവാസവും.
ആഗോള പ്രതിസന്ധിയുടെ പേരില്‍ കമ്പനികള്‍ നടപ്പാക്കുന്ന കോസ്റ്റ്‌ കട്ടിംഗ്‌ പോലെ മല്‍ബുവും ചെലവു കുറയ്‌ക്കുന്നതാകുമെന്ന്‌ സമാധാനിക്കാനാണ്‌ ഉപ്പ മല്‍ബു ശ്രമിച്ചത്‌.
പക്ഷേ, അതൊന്നും ഉമ്മ മല്‍ബിയുടെ മനസ്സ്‌ തണുപ്പിച്ചില്ല. കൂടോത്രമാണ്‌ അവര്‍ക്ക്‌ മണക്കുന്നത്‌.
ഇത്‌ ഓള്‌ ചെയ്‌ത കൂടോത്രം തന്നെയാ. അല്ലാതെ ഇത്ര നാളും ഞാന്‍ എയര്‍പോര്‍ട്ടില്‍ പോയാ അവനെ കൂട്ടിക്കൊണ്ടു വന്നത്‌. ഇപ്പോള്‍ കല്യാണം കഴിഞ്ഞ ശേഷം ആദ്യ വരവില്‍ തന്നെ ഓള്‌ കൂടോത്രം ചെയ്‌തിരിക്ക്യാ. ഉറപ്പാ.
എങ്ങനെ ഉറപ്പല്ലാതിരിക്കും.
നാട്ടിലെ പുകിലൊക്കെ അറിഞ്ഞ കൂട്ടുകാരിലൊരാള്‍ മല്‍ബുവിനെ തേടി എത്തി.
അല്ലിഷ്‌ടാ, നിനക്കാരോ കൂടോത്രം ചെയുതൂന്നൊക്കയാണല്ലോ നാട്ടില്‍നിന്നുള്ള വാര്‍ത്ത. ലുംഗി ന്യൂസൊന്നും അല്ല. ശരിക്കും അറിഞ്ഞതു തന്നെയാ, എന്താ കാര്യം.
അടുത്തയാഴ്‌ച നാട്ടില്‍ പോകുന്നുണ്ട്‌. എയര്‍പോര്‍ട്ടിലേക്ക്‌ കാറുമായി ആരും വരേണ്ട, ഞാന്‍ വീട്ടിലെത്തിക്കോളാം എന്ന്‌ അറിയിച്ചതാണ്‌ ഈ പുകിലിനു കാരണം.
ഭാര്യ കൂടോത്രം ചെയ്‌തതാണെന്ന്‌ അവര്‌ കണ്ടെത്തിയിരിക്കുന്ന കാരണം. സ്വന്തം വീട്ടിലേക്ക്‌ പോകാതെ ഭാര്യ വീട്ടിലേക്ക്‌ തന്നെ എത്താന്‍ എന്റെ ഭാര്യ ചെയ്‌ത കൂടോത്രം.
നീ എന്തിനാ അറിയിക്കാന്‍ പോയത്‌. നേരെയങ്ങ്‌ പോയാല്‍ പോരായിരുന്നു. പിന്നെ കൂടോത്രക്കാര്‌ കമലാ സുറയ്യയെ പോലും വെറുതെ വിട്ടിട്ടില്ലാന്നാ കേള്‍വി.
നല്ല ഉറക്കം കിട്ടാന്‍ തലയിണക്കടിയില്‍ വെക്കുന്നതിന്‌ ഇസ്‌മെഴുതിയ കടലാസുമായി പോയ പുരോഹിതന്മാര്‍ കമലാ സുറയ്യയെ ഞെട്ടിച്ച സംഭവം അവരെ കുറിച്ചുള്ള അനുസ്‌മരണ കുറിപ്പിലുണ്ട്‌.
പ്രവാസികളെ കുറിച്ചാകുമ്പോള്‍ എളുപ്പം ചെലവാകും ഈ കൂടോത്രങ്ങളും ഇസ്‌മിന്റെ പണിയുമൊക്കെ.
പിന്നെ, ഏതായാലും നിന്റെ കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ പോക്കല്ലെ, കാര്‍ വരുന്നത്‌ തന്നെയായിരുന്നു നല്ലത്‌. അതിനായിട്ടെന്തിനാ ഒരു പിശുക്ക്‌.
പിശുക്കൊന്നും അല്ല മാഷേ കാര്യം. ഞാനൊരു സര്‍വേ നടത്തിയതിന്റെ ഫലമായിട്ടാ ഈ തീരുമാനം.
എന്തു സര്‍വേ, ബുദ്ധിജീവി ചമയാതെ കാര്യം പറ.
അതേയ്‌, കണ്ണൂര്‍, കാസര്‍കോട്‌, വയനാട്‌ ജില്ലകളില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കുടുംബ സമേതമുള്ള അപകട മരണങ്ങളാണ്‌ പഠന വിധേയമാക്കിയത്‌. മിക്ക അപകടങ്ങളും എയര്‍പോര്‍ട്ടിലേക്കോ പ്രിയപ്പെട്ടവരെ സ്വീകരിച്ച്‌ വീട്ടിലേക്കോ ഉള്ള യാത്രകളിലായിരുന്നു.
പുലര്‍ച്ചെ തന്നെ എയര്‍പോര്‍ട്ടിലേക്ക്‌ ഉറക്കമൊഴിച്ചുള്ള യാത്ര പലപ്പോഴും ദുരന്തത്തില്‍ അവസാനിച്ചിട്ടുണ്ട്‌.

1 comment:

  1. മല്ബൂ ഉഷാറായിട്ടുണ്ട്

    ReplyDelete

Related Posts Plugin for WordPress, Blogger...